പൊലീസുകാരിയും കുടുംബവും സഞ്ചരിച്ച കാറിന് മുകളിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണു
കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടം. ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജൂഹി ശശികുമാര്‍, ഭര്‍ത്താവ് അഭിഷേക്, മക്കളായ ഇതള്‍, തെന്നല്‍ എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

കോഴിക്കോട് നിന്നും നന്‍മണ്ടയിലെ വീട്ടിലേക്ക് മടങ്ങവേ കണ്ടന്നൂര്‍ എല്‍.പി സ്‌കൂളിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേസ് കാറിന് മുകളില്‍ വലിയ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. 

കഴുത്തിനും മുഖത്തും പരിക്കേറ്റ ജൂഹിയെയും കാറിന്റെ ചില്ല് തെറിച്ചും മറ്റും നിസ്സാര പരിക്കുകളേറ്റ അഭിഷേകിനെയും കുട്ടികളെയും ആശുപത്രയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. കാറിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നരിക്കുനി അഗ്‌നിരക്ഷാസേനയും കാക്കൂര്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Previous Post Next Post