സംസ്ഥാനതല ഓട്ടോ പെർമിറ്റ്: എസ്ടിഎ തീരുമാനം ഉടന്‍നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്.

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സംസ്ഥാനതല’ പെർമിറ്റ് അനുവദിക്കുന്ന കാര്യം സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്ടിഎ) ഇന്നു (ജൂലൈ 10) ചേരുന്ന യോഗം പരിഗണിക്കും. സിഐടിയുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്ടിഎ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും.

സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയകാല ഓട്ടോറിക്ഷകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ല അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തിൽ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പഴയകാല ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ.
ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടാവുകയും വാഹനം നിർത്തി ഇടേണ്ടി വരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അന്ന് അതത് ജില്ലകളിൽ പെർമിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകൾ തുടർച്ചയായി 8മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്ന് തൊഴിലാളികൾ പറയുന്നു. ടൂറിസ്റ്റ് ബസുകളുടെ വെള്ളം നിറം മാറ്റൽ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കൽ എന്നിവയും എസ്ടിഎ യോഗത്തിന്‍റെ അജണ്ടയിലുണ്ട്
Previous Post Next Post