
കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ മാറ്റിയാലും കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ക്രിസ്ത്യൻ പ്രസിഡന്റിനെ ആവശ്യപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. യു.ഡി.എഫിൽ തമ്മിൽ തല്ലാണ്. കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും കോൺഗ്രസിലെ തർക്കം തീരില്ല. ക്രിസ്‌ത്യൻ പ്രസിഡന്റിനെ ആവശ്യപ്പെട്ടെന്ന വാർത്ത കത്തോലിക്കസഭ തന്നെ നിഷേധിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും വരുന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്. സ്ഥാനാർഥി ആരാണെന്ന് ചർച്ച ചെയ്തിട്ടില്ല. സ്വതന്ത്രൻ വരുമോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് എന്തും പ്രതീക്ഷിക്കാമെന്ന് ഗോവിന്ദൻ പറഞ്ഞു.