പെരുമ്പാവൂര്‍ : നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29-നാണ് ആരോപണത്തിനിടയാക്കിയ സംഭവം.
അന്നേ ദിവസം രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നു വെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു.