രാഹുൽ മാങ്കൂട്ടത്തിൽ അടക്കം എട്ട് യൂത്ത് കോൺഗ്രസ് നേതാക്കള

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ദുരുപയോഗം നടന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. പിരിച്ച തുകയുടെ കണക്കുകളും വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ ദുരുപയോഗം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെ രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ദുരന്തബാധിതര്‍ക്കായി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണം പിരിച്ചത്. ഇതുവരെ 84 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കെപിസിസിക്ക് കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച തുക മുഴുവനും കൈമാറുമെന്നും ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടായി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.