ന‍്യൂഡൽഹി: ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ രാജേഷ് കിംജിയുടെ സുഹൃത്ത് കസ്റ്റഡിയിൽ. ഡൽഹി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാജേഷിനു പണം നൽകിയത് സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുമായി മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന 10 പേർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
ഇതിൽ സംശയമുള്ള ഒരാളെ വെള്ളിയാഴ്ച ഡൽഹിയിലെത്തിച്ച് ചോദ‍്യം ചെയ്യും. രാജേഷിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്കോട്ടിലുള്ള 5 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.