ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ 2020 ജൂണ്‍ മുതല്‍ ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ഷോര്‍ട്ട് വിഡിയൊ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്. ടിക് ടോക്ക് വെബ്‌സൈറ്റിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
തീരുവയുമായി ബന്ധപ്പെട്ട് അമെരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അകല്‍ച്ച വന്നതോടെ ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ചൈനയിലേക്ക് ഇന്ത്യ നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസ് പുനരാരംഭിക്കുന്നതും, വ്യാപാരം ഊര്‍ജ്ജിതപ്പെടുത്തുന്നതുമടക്കമുള്ള കാര്യങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രചരിക്കുന്നത്.
ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ലെങ്കിലും ഇന്ത്യയിലെ ചില ഉപയോക്താക്കള്‍ക്ക് ടിക് ടോക്ക് വെബ്‌സൈറ്റിലേക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സേവനം പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ചു ടിക് ടോക്കില്‍ നിന്നോ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സില്‍ നിന്നോ ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല.
2020 ജൂണിലാണ് ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്യാം സ്‌കാനര്‍, ക്ലബ്ബ് ഫാക്റ്ററി, എംഐ വിഡിയൊ കോള്‍ ഉള്‍പ്പെടെയുള്ള 58 ചൈനീസ് ആപ്പുകള്‍ മോദി സര്‍ക്കാര്‍ നിരോധിച്ചത്. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ഈ നീക്കത്തിന് പിന്നിലെ കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്.