അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരിൽ ഇന്നലെ സംഘർഷം ഉണ്ടായി. ചുരാചന്ദ്പൂരിലായിരുന്നു സംഭവം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.
2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.