1989ൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി, കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്നത് 36 വർഷം; ഒടുവിൽ കുടുങ്ങി


കായംകുളം: കായംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയെ 36വർഷങ്ങൾക്കിപ്പുറം അറസ്റ്റ് ചെയ്ത് പൊലീസ്. കോടതിയിൽ ഹാജരാവാതെ ഇത്രയധികം വർഷം മുങ്ങി നടന്ന പ്രതിയെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ചമ്പക്കുളം വില്ലേജിൽ നടുഭാഗം മുറിയിൽ കീച്ചേരിൽ വീട്ടിൽ രാജൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 1989 ലായിരുന്നു പ്രതിക്കെതിരെ കായംകുളം പൊലീസ് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവത്തിന് പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് രാജപ്പൻ നായർക്കെതിരെ കോടതി എൽ.പി (ലോങ് പെൻ്റിങ്) വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഏതാനും നാളുകൾക്ക് മുൻപ് പൊലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്ന ഘട്ടത്തിൽ പ്രതിക്കുറിച്ചുള്ള ചില വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രതി കൊട്ടാരക്കരയിൽ ഉണ്ടെന്ന തരത്തിലായിരുന്നു വിവരം. പിന്നാലെ അന്വേഷണ സംഘം കൊട്ടാരക്കരയിൽ എത്തി പരിശോധന ആരംഭിച്ചു. കൊട്ടാരക്കരക്ക് അടുത്ത് ചെങ്ങമനാട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുകയാണ് ഇയാളെന്ന് മനസിലാക്കിയ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ നിർദേശപ്രകാരം കായംകുളം സിഐ അരുൺ ഷാ, എസ്ഐ മുഹമ്മദ് ബഷീർ, പൊലീസുകാരായ പ്രവീൺ, മോനിഷ്, അനന്തകൃഷ്ണൻ, ആലപ്പുഴ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത്ത് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രത്യേ അറസ്റ്റ് ചെയ്തത്. രാജപ്പൻ നായർക്കെതിരായ കേസിൻ്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്ത് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തുള്ളതെന്ന് വ്യക്തമല്ല.

Previous Post Next Post