വെർച്വൽ അറസ്റ്റ് രീതി ഉപയോഗിച്ച് വീട്ടമ്മയിൽനിന്ന് പണം തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുശ്രമം ബാങ്ക് ഉദ്യോഗസ്ഥർ സമർത്ഥമായി പരാജയപ്പെടുത്തി. തിരുവല്ല, മഞ്ഞാടി സ്വദേശിയായ 68 വയസ്സുള്ള വീട്ടമ്മയെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്.
വീട്ടമ്മയെ രണ്ടുദിവസത്തോളം തട്ടിപ്പുസംഘം വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റിലായി എന്ന് വിശ്വസിപ്പിച്ച് സമ്മർദ്ദത്തിലാക്കി. ഇതിനെത്തുടർന്ന്, അവർ ബാങ്കിലെത്തി ഫിക്സഡ് ഡിപ്പോസിറ്റ് പൂർണ്ണമായി പിൻവലിക്കാനും തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് പണം ഉടൻ കൈമാറ്റം ചെയ്യാനും ആവശ്യപ്പെട്ടു.
ഇതിൽ അസ്വാഭാവികത തോന്നിയ ബാങ്ക് ജീവനക്കാർ വീട്ടമ്മയുടെ അക്കൗണ്ട് വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. പണം കൈമാറാൻ ആവശ്യപ്പെട്ട അക്കൗണ്ട് തട്ടിപ്പുസംഘത്തിന്റേതാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ ഉടൻതന്നെ ഇടപെടുകയും തട്ടിപ്പുശ്രമം തടയുകയും ചെയ്തു.
ബാങ്ക് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കാരണം, വീട്ടമ്മയുടെ 21 ലക്ഷത്തിലധികം രൂപ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.