തിരുവനന്തപുരം : സ്ഥാനാർത്ഥി നിർണയത്തിൽ കുരുങ്ങി നേമത്ത് ബിജെപിയിൽ കലാപം. നേമം ഏരിയാ പ്രസിഡന്‍റ് ജയകുമാർ എം സ്ഥാനം രാജിവെച്ചു. മുൻ കൗൺസിലർ കൂടിയായ എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ പ്രസിഡന്‍റിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്.ഗോപൻ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത കൗൺസിലർ എന്ന പരാതി രാജിക്കത്തിൽ ഉന്നയിച്ച ജയകുമാർ, നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ദീപിക സ്ഥാനാർത്ഥിയായിരിക്കെ തോൽപ്പിക്കാൻ എം ആർ ഗോപൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും രാജിക്കത്തിൽ ജയകുമാർ ആരോപിച്ചു.തന്‍റെ സ്വാർത്ഥതയ്ക്കുവേണ്ടി എത്ര മുതിർന്ന നേതാവിനെയും ഒറ്റിക്കൊടുക്കാനും തോൽപ്പിക്കാനും മനസ്സുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കിയതിലൂടെ, അയാളുടെ മുന്നിൽ ബിജെപി മുട്ടുമടക്കി എന്നാണ് അർത്ഥമെന്നും രാജിക്കത്തിൽ പറയുന്നു. രാജി തിരുവനന്തപുരത്ത് ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറികൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.