
മാവേലിക്കര: മാവേലിക്കര നഗരസഭ ഓഫീസിന് സമീപം തീപിടുത്തം ഉണ്ടായി. അടഞ്ഞുകിടന്ന മൂന്ന് കടകളും കാവിന്റെ ഭാഗവും കത്തി നശിച്ചു. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സ്ഥലത്ത് അഗ്നിബാധ ഉണ്ടായത്. കഴിഞ്ഞ കാല വർഷത്തിൽ ശക്തമായ കാറ്റിനെ തുടർന്ന് ഇടശേരിൽ കാവിലെ മരം കടപുഴകി കെട്ടിടങ്ങളുടെ മുകളിലേക്ക് വീണ് കിടന്നിരുന്നു. ഇതിലേക്ക് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. കാവിൽ നിന്ന് പടർന്നു പിടിച്ച തീ കടമുറികളിലേക്കും വ്യാപിക്കുകയായിരുന്നു. മാവേലിക്കര ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആസാദ് ടൈംസ്, ബിഎംഎസ് ഓഫീസ്, മുൻപ് ഹോട്ടൽ പ്രവർത്തിച്ചിരുന്നിരുന്ന കടമുറി എന്നിവയാണ് കത്തി നശിച്ചത്.
കഴിഞ്ഞ കാലവർഷത്തിൽ കാവിനുള്ളിൽ നിന്ന് മരങ്ങൾ കടപുഴകി കെട്ടിടങ്ങളുടെ മുകളിലേക്ക് വീണുകിടന്നിരുന്നത് കാരണം കെട്ടിടങ്ങൾ മൂന്നും അടഞ്ഞു കിടക്കുകയായിരുന്നു. കെട്ടിടങ്ങളുടെ പൂട്ടുകൾ തകർത്താണ് ഉള്ളിലേക്ക് ബാധിച്ച തീയണയ്ക്കാനായത്.
ബിഎംഎസ് ഓഫീസിലെ കസേരകൾ, മേശ, ഫാൻ എന്നിവയും ആസ്ദ് ടൈംസിലെ മേശ, കസേര, മറ്റ് ഉപകരണങ്ങൾ എന്നിവയും കത്തി നശിച്ചു. കെട്ടിടത്തിന്റെ തടികൊണ്ടുള്ള മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കാവിന്റെ കുറച്ചു ഭാഗങ്ങളിലും തീ പടർന്നിരുന്നു. റോഡരികിലെ പാഴ്മരത്തിന്റെ ചുവട്ടിൽ നിന്നാണ് തീ പടർന്നു പിടിച്ചതെന്നും ആരെങ്കിലും അവിടെ തീ കത്തിച്ചതാകാം എന്നുമാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. എന്നാൽ കോൺഗ്രസ് ചെയർമാൻ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന ആഘോളങ്ങളുടെ ഭാഗമായി ഈ ഭാഗത്ത് മാലപടക്കം പൊട്ടിച്ചിരുന്നു.