
തലസ്ഥാന നഗരത്തിലെ സിറ്റി ബസുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറും മന്ത്രിമാരും തമ്മിലുള്ള തർക്കം തുടരുന്നു. സിറ്റി ബസുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ കെഎസ്ആർടിസി പാലിക്കണമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് ആവശ്യപ്പെട്ടു. ബസ് തിരികെ നൽകാൻ തയ്യാറാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.
കോർപ്പറേഷൻ വാങ്ങി നൽകിയ 113 ഇലക്ട്രിക് ബസുകൾ തിരികെ നൽകാമെന്ന് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നൽകിയ മേയർ ഇലക്ട്രിക് ബസിന്റെ നല്ലകാലം കഴിഞ്ഞെതാണ് ഇത്തരം ഒരു പ്രതികരണത്തിന് കാരണം എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ‘കത്ത് കൊടുത്താൽ ബസ് തിരികെ തരാമെന്നാണ് മന്ത്രി പറയുന്നത്. ഞങ്ങൾക്ക് അങ്ങനെ ഒരു പ്ലാൻ ഇല്ല. ഇലക്ട്രിക് ബസിന്റെ ബാറ്ററിയുടെ ലൈഫ് ഒക്കെ തീരാനായി. ബസ്സിന്റെ നല്ല കാലമൊക്കെ കഴിഞ്ഞു’ വി വി രാജേഷ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മേയറെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽ വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുതെന്നാണ് മന്ത്രിയുടെ പ്രതികരണം. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.