കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിഷാ കോണ്ടിനെന്റൽ ഹോട്ടലിലിനുള്ളിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഇന്നലെ രാത്രിയിലാണ് നിഷാ കോണ്ടിനെറ്റൽ ഹോട്ടലിനുള്ളിലെ മുറിയിൽ പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും മര്യാത്തുരുത്ത് സ്വദേശിയായ പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മര്യാത്തുരുത്ത് കൈതാരം വീട്ടിൽ ആസിയ തസ്‌നിം (19), പുതുപ്പള്ളി പനന്താനത്ത് വീട്ടിൽ പി.സി നന്ദകുമാർ (23) എന്നിവരെയാണ് മരിച്ച നിലയിൽ ഹോട്ടലിനുള്ളിൽ കണ്ടെത്തിയത്
കഴിഞ്ഞ ദിവസമാണ് ഇരുവരും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഇന്നലെ വൈകിട്ടായിട്ടും രണ്ടു പേരെയും മുറിയിൽ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, സ്ഥലത്ത് എത്തിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചു. ഇതോടെയാണ് ഇരുവരെയും ഒരു ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെട്ട ഇരുവരും ഒരു മാസത്തോളമായി പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നും ലഭിക്കുന്ന വിവരം. തുടർന്ന് രണ്ടു പേരും ഒരു ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. നേരത്തെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതി നില നിൽക്കെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.