ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോൾ, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്നാണ് പത്മകുമാര്‍ സൂചിപ്പിച്ചത്
”വളരെ ഗുരുതരമാണ് സംഭവമെന്ന് തെളിഞ്ഞില്ലേ. ശബരിമലയില്‍ നിന്നും മോഷണം നടത്തി ആര്‍ക്കും രക്ഷപ്പെട്ടു പോകാന്‍ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെയൊക്കെയുള്ള ആള്‍ക്കാര്‍ നമ്മുടെയൊക്കെ പല ആളുകളുടെയും ഗുഡ്ബുക്കില്‍ വരുന്നു എന്നതു സംബന്ധിച്ചും തിരിച്ചറിയാന്‍ വയ്യാത്ത കാര്യമാണ്. എന്റെ ഭരണകാലത്ത് എന്നു പറഞ്ഞാല്‍, നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ ഞാനെന്തു ചെയ്യാന്‍ പറ്റും. ഞാനിപ്പോള്‍ അത്രയേ പറയുന്നുള്ളൂ”. പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ അറസ്റ്റിലായിരുന്നു. ശബരിമലയിലെ മുഖ്യ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമല ഉദ്യോഗസ്ഥര്‍, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.