
ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷയാചിച്ച് ജീവിച്ചിരുന്നയാളുടെ സമ്പാദ്യം കോടികൾ. മധ്യപ്രദേശിലെ ഭഗത്സിങ് നഗർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്‍റെ സമ്പാദ്യത്തെ കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്ത് വരുന്ന വിവരം.
വർഷങ്ങളായി ചക്രപലകയിൽ ഭിക്ഷാടനം നടത്തിവരികയായിരുന്നു മൻകിലാൽ. കാലുകൾച്ച് ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്ര വണ്ടി ഉന്തുന്നത്. നഗരത്തിന്‍റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെ എത്തും. ദിവസവും ആയിരങ്ങൾ ആണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറിൽ തനിക്ക് മൂന്ന് നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും സ്വന്തമായുണ്ടെന്ന് മൻകിലാൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ മൻകിലാലിന്‍റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ട്. സ്വന്തമായി ഒരു സ്വിഫ്റ്റ് ഡിസൈർ കാറുമുണ്ട്.
പലപ്പോഴും മൻകിലാൽ തന്റെ കാറിലാണ് ഭിക്ഷയാചിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറിനെയും നിയമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ശാരീരിക വൈകല്യം കണ്ട് മറ്റുള്ളവർ നൽകുന്ന പണം സറഫ ബസാലിൽ ചെറുകിട ആഭരണ ബിസിനസുകൾക്കും പലിശ നിരക്കിൽ വായ്‌പ നൽകാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയും പണം സമ്പാദിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. ഇത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും പിഎംഎവൈ പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയത് നിയമവിരുദ്ധമാണ്. അതേസമയം ഭിക്ഷക്കാരന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.