പ്രസവ സമയത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന്റെ പിഴവിൽ അതികഠിനമായ ദുരിതത്തിലൂടെ കടന്നുപോവുകയാണ് പാലോട് സ്വദേശിയായ ഹസ്ന ഫാത്തിമ. ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്തുവരുന്ന അവസ്ഥ കാരണം അഞ്ച് ശസ്ത്രക്രിയകളാണ് ഇതിനോടകം ഹസ്ന ഫാത്തിമയുടെ ശരീരത്തിൽ നടത്തിയത്. നാല് വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എട്ട് മാസമായിട്ടും ഒന്നെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഹസ്നക്കുള്ളത്. മറ്റൊരു ചികിത്സാപ്പിഴവിന് കഴിഞ്ഞയാഴ്ച നടപടി നേരിട്ട ഡോക്ടർ ബിന്ദു സുന്ദറിനെതിരെ മാസങ്ങൾക്ക് മുമ്പ് ഹസ്ന പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് അനങ്ങിയിരുന്നില്ല.

ഹസ്നയുടെ കുഞ്ഞിനും, വേദനയ്ക്കും എട്ട് മാസം പ്രായമായി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ വർഷം ജൂണിലെ പ്രസവശേഷം ദുരിതജീവിതമാണ് ഹസ്ന ഫാത്തിമ നയിക്കുന്നത്. പ്രസവ സമയത്ത് യോനി ഭാഗത്ത് ഡോക്ടർ മുറിവുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിഞ്ഞതായിരുന്നു കാരണം. എന്നാൽ മുറിവുളള വിവരം ഡോക്ടർ ഗൗനിച്ചില്ല. എന്ന് മാത്രമല്ല സമയത്ത് ചികിത്സിക്കുകയും ചെയ്തില്ല. ഇതോടെ സഹിക്കാനാവാത്ത ഹസ്ന വേദന തിന്നു. ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തുവരുന്നത് തുടർന്നു. സ്ഥിതി വഷളായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ മൂന്ന് ശസ്ത്രക്രിയകൾ. ഫലമുണ്ടായില്ല. നിൽക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാതെ ഒരമ്മ.ഒടുവിൽ സ്വകാര്യആശുപത്രിയിൽ ആശ്രയം തേടേണ്ടി വന്നു ഹസ്ന ഫാത്തിമയ്ക്ക്. റൂമിൽ പോയി പണം നൽകിയ ശേഷമാണ് ഡോ. ബിന്ദു സുന്ദർ മുറിവിൽ മരുന്നിടാൻ വരെ തയ്യാറായതെന്നും ഹസ്ന ഫാത്തിമ പറയുന്നു