യുഡിഎഫ് ഓഫീസിലെ പെൻഷൻ വിതരണം: ഗുണഭോക്താക്കളെ വരിനിർത്തി ആത്മാഭിമാനം ചോദ്യം ചെയ്തു…. കടുത്ത നിയമ നടപടി വേണമെന്ന് സിപിഐഎം


മലപ്പുറം: മലപ്പുറം പുൽപറ്റയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ കടുത്ത രീതിയിൽ ചോദ്യം ചെയ്യുന്ന വിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി വരിനിർത്തി പെൻഷൻ വിതരണം ചെയ്തത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സർക്കാർ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പെരുന്നാൾ കാലത്തുപോലും സംസ്ഥാനത്ത് സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യാൻ നിലവിലെ സർക്കാരിനായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പെൻഷൻ വിതരണത്തെ പൂർണ്ണമായി രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത് യു.ഡി.എഫ് വൻ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യവിരുദ്ധ പ്രവണതയാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള പുൽപറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുൽപറ്റ കാരപറമ്പിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് പെൻഷൻ ഗുണഭോക്താക്കളെ നേരിട്ട് വിളിച്ചുവരുത്തി വിതരണം നടത്തിയത്. പുൽപറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ, ബാങ്ക് ജീവനക്കാരൻ സി. അക്ബർ, യൂത്ത് ലീഗ് പ്രവർത്തകൻ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വിവാദ പെൻഷൻ വിതരണം നടന്നത്ക്ഷേമ പെൻഷൻ വിതരണം എന്നത് ഒരു രാഷ്ട്രീയ വിഷയമല്ലെന്നും, മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൃത്യമായും എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചാണ് പെൻഷൻ ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അക്കാലത്ത് യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. പെൻഷൻ എന്നത് ഭരണാധികാരികളുടെ ഔദാര്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമാണെന്ന ശക്തമായ നിലപാടാണ് എൽ.ഡി.എഫ് സർക്കാർ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പെൻഷൻ വിതരണത്തെ പാർട്ടി ഓഫീസിലേക്ക് ചുരുക്കിയ ബാങ്ക് അധികൃതർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം

أحدث أقدم