17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം..


പ്രണയവും, വിരഹവും, ബാല്യവും, ആഘോഷങ്ങളും എല്ലാം ഒരു സ്വരത്തില്‍ കോര്‍ത്തിണക്കിയ സംഗീതകോകിലമായിരുന്നു എസ് ജാനകി. പതിറ്റാണ്ടുകള്‍ സംഗീതലോകത്തെ തന്റെ മാന്ത്രിക ശബ്ദം കൊണ്ട് കീഴടക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു. 1957ല്‍ തമിഴില്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജാനകിയമ്മയുടെ ചലച്ചിത്ര സം?ഗീത യാത്രയുടെ തുടക്കം.

തന്റെ ആറര പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ 17ലധികം ഭാഷകളിലായി 48,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.

മലയാളിയുടെ സിനിമാ സംഗീത ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ശബ്ദമാണ് ജാനകിയമ്മയുടേത്. പത്തൊന്‍പതാം വയസില്‍ ആദ്യ ഗാനം പാടി. മലയാളിയല്ലാതിരുന്നിട്ടും ഇത്ര ഭാവത്തോടും ഉച്ചാരണ ശുദ്ധിയോടും കൂടെ ജാനകി പാടിതീര്‍ത്ത ഗാനങ്ങള്‍ വിസ്മയമാണ്. മാധുര്യമായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിന്റെ മുഖമുദ്ര. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു. എം എസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു.


أحدث أقدم