കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍, അറസ്റ്റിലായത് ലഹരിവിരുദ്ധ സ്ക്വാഡ് നിരീക്ഷണത്തിലിരിക്കെ.


നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് പിടികൂടി.മുപ്പത് ഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവുമായി എബ്രഹാം കോശി എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ക്ക് വീണ്ടും നല്‍കാനായി ബൈക്കില്‍ കഞ്ചാവുമായി വരുമ്പോഴാണ് ജൂലി തോമസ് പിടിയിലാകുന്നത്.

മാവേലിക്കര, കായംകുളം ഭാഗങ്ങളില്‍ പലയിടത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. വർഷങ്ങളായി നേരിട്ടല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. ലഹരിവേട്ടയ്ക്കായി ആരംഭിച്ച 'തൂഫാൻ' പരിശോധനയുടെ ഭാഗമായി ഇയാള്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.ഓണത്തോടനുബന്ധിച്ച്‌ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ചെറിയ അളവില്‍ മാത്രമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുനടക്കുന്നത്. വാടകവീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താനായിട്ടില്ല. ഫോണ്‍ രേഖകള്‍ പരിശോധിച്ച്‌ കൂടുതല്‍ കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് .

أحدث أقدم