മണർകാട് എട്ടുനോമ്പ് പെരുന്നാൾ: അഭയം ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു


മണർകാട് : മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന തീർഥാടകർക്ക് തുണയായി അഭയം ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പെരുന്നാൾ ദിനങ്ങളിൽ അഹോരാത്രം ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തുന്ന മണർകാട് സെന്റ് മേരീസ് പള്ളിയിൽ മെഡിക്കൽ സഹായങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും  സേവനം ഇവിടെ ലഭ്യമായിരിക്കും. കൂടാതെ സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾ, ആവശ്യമായ മരുന്നുകൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ആംബുലൻസ് സൗകര്യം എന്നിവയും ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ എ എൻ റെഡിയാർ, സഹവികാരി ലിറ്റു മാത്യു തണ്ടാശേരിൽ, ഡോ സി എസ് കേശവൻ, ഏരിയ കൺവീനർ എം കെ പ്രസന്നൻ ,കെ സി ബിജു, എൻ അനിൽകുമാർ, എം എൻ ഗോപകുമാർ, അനീഷ് അന്ത്രയോസ്, സി എം മനോജ്‌, അജയ് മോഹൻ എന്നിവർ പങ്കെടുത്തു.
أحدث أقدم