തൊണ്ടയാട് കണ്ടെത്തിയത് പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍, അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്ബില്‍ വെടിയുണ്ടകള്‍  കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം. 

എആര്‍ ക്യാമ്പിലെ ഫയറിംഗ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ പരിശോധിച്ചു. പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച വെടിയുണ്ടകളാണിവയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാലപ്പഴക്കം കണ്ടെത്താന്‍ ബാലിസ്റ്റിക് സംഘത്തിന്റെ വിശദ പരിശോധനയും ഇനി നടക്കും.
തൊണ്ടയാട് ആളൊഴിഞ്ഞ പറമ്ബില്‍ അഞ്ച് പെട്ടികളിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കാട് വെട്ടിതെളിയിക്കുന്നതിനിടയിലാണ് വെടിയുണ്ടകള്‍ സ്ഥലമുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തില്‍പ്പെടുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടാര്‍ഗെറ്റും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ കൂടുതല്‍ പെട്ടികള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആകെ 266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. സ്ഥലത്ത് വെടിവെപ്പ് പരിശീലനമോ മറ്റോ നടന്നിട്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

ആയുധ വില്‍പന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലും വരെ സുലഭമാണ് ഇത്തരം വെടിയുണ്ടകള്‍. സമീപത്തൊന്നും ഫയറിംഗ് പരിശീലന കേന്ദ്രമില്ലാത്തതും ജനവാസമേഖലയില്‍ പരിശീലനം നടത്തുക സാധ്യമല്ലെന്നുമുള്ള സാഹചര്യത്തില്‍ വിശദമായ പരിശോധനക്കും അന്വേഷണ ത്തിനുമാണ് പൊലീസിന്റെ നീക്കം.


Previous Post Next Post