യുവാവിൽ നിന്നു പിടിച്ചുവാങ്ങിയ ഫോൺ തിരികെ നൽകാൻ തന്റെ കാലു പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ടക്കെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം: യുവാവിൽ നിന്നു പിടിച്ചുവാങ്ങിയ ഫോൺ തിരികെ നൽകാൻ തന്റെ കാലു പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയർപോർട്ട് ഡാനിക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, മർദിക്കൽ എന്നിവയ്ക്കാണ് കേസെടുത്തത്. ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. ഡാനിക്ക് ഒപ്പമുണ്ടായിരുന്ന പത്തംഗ ഗുണ്ടാസംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

ഡാനിയും മറ്റൊരു സംഘവുമായി നേരത്തെ അടിപിടിയുണ്ടായി. ഇതിന്റെ തുടർച്ചയായി ബൈക്കിൽ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപം വച്ച് ഡാനിയുടെ സംഘം മർദിച്ചു. യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. തുമ്പ കരിമണലിൽ എത്തിയാൽ ഫോൺ തിരിച്ചുതരാമെന്ന് ഡാനി പറഞ്ഞു. സ്ഥലത്തെത്തിയ യുവാവിന്റെ ബൈക്കിന്റെ താക്കോല്‍ ഡാനി ഊരിയെടുത്തു. മൊബൈൽ ഫോൺ വേണമെങ്കിൽ കാലിൽപിടിക്കാന്‍ ഭീഷണിപ്പെടുത്തി. യുവാവ് കാലിൽപിടിച്ചപ്പോൾ വീണ്ടും കാലിൽ പിടിക്കാൻ ഡാനി ആക്രോശിച്ചു. മൂന്നു തവണ യുവാവിനെക്കൊണ്ട് കാലു പിടിപ്പിച്ചു. പിന്നീട് കാലിൽ ചുംബിക്കാൻ ആവശ്യപ്പെട്ടു. യുവാവിനെ ആരും ആക്രമിക്കുകയോ ബോംബ് എറിയുകയോ ചെയ്യരുതെന്നും ഡാനി പറയുന്നത് വിഡിയോയിലുണ്ട്. യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നില്ല. വിഡിയോ പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
أحدث أقدم