ഇലയിട്ട് കാത്തിരുന്നിട്ടും സദ്യ കിട്ടിയില്ല.. പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി

 
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യ കഴിക്കാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഭക്ഷണം കിട്ടിയില്ല. തുടർന്ന്, 20 മിനിറ്റോളം കാത്തുനിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. 1300 പേർക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാൽ 800 പേർക്ക് മാത്രമാണ് വിളമ്പാൻ സാധിച്ചത്.

മുന്‍പ് ജീവനക്കാരെല്ലാവരും പിരിവെടുത്ത് സദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ ഓണാഘോഷത്തിന് സദ്യയുടെ ചുമതല കരാര്‍ നല്‍കി സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. 1,300 പേര്‍ക്ക് വേണ്ടി ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക ക്വോട്ട് ചെയ്ത കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സിയാണ് സദ്യയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ 800 പേര്‍ കഴിച്ചുകഴിഞ്ഞപ്പോഴേക്കും സദ്യ തീര്‍ന്നു. ഇതിനിടയ്ക്കാണ് സ്പീക്കറും സംഘവും കാത്തിരുന്ന് മുഷിഞ്ഞ് ഒടുവില്‍ പായസത്തിലും പഴത്തിലും സദ്യയൊതുക്കിയത്. നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സദ്യ കിട്ടാതെ വന്നതോടെ പലരും മറ്റ് കടകളെ ആശ്രയിക്കേണ്ടി വന്നു. വിഷയം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
أحدث أقدم