കാലടിയിലെ പതിവ് ഗതാഗതകുരുക്ക് ഒഴുവാകും; വിമാനത്താവളത്തിലേക്കുള്ള വല്ലം - പാറക്കടവ് പാലം തുറന്നു



ഇടുക്കി: പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നവർ ഇനി മണിക്കൂറുകൾ ട്രാഫിക്ക് കുരുക്കിൽനിന്ന് വലയേണ്ടതില്ല. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാദുരിതവും ഇന്ധനച്ചെലവും കുറയ്ക്കാൻ പാറപ്പുറം – വല്ലംകടവ് പുതിയ പാലം തുറന്നു. മന്ത്രി പിഎ മുഹമദ് റിയാസാണ് പാലം ഗതാഗതത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. മൊത്തം 23 കോടി ചെലവിലാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ പാലം വന്നതോടെ കാഞ്ഞൂർ - പെരുമ്പാവൂർ യാത്രയിൽ ആറ് കിലോമീറ്റർ വരെ ലാഭിക്കാൻ കഴിയും.

പെരുമ്പാവൂര്‍, ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്‌ 2016 ലാണ് എൽഡിഎഫ് സർക്കാർ തുക അനുവദിച്ചത്. 2016ല്‍ പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചെങ്കിലും പ്രളയവും ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലം നിർമ്മാണം തടസപ്പെട്ടിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതോടെ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പാലത്തിന്‍റെ നിർമാണം വേഗത്തിൽ പുനരാരംഭിച്ചത്.

വല്ലം - പാറക്കടവ് പാലം തുറക്കുന്നതിന് മുൻപ് തെക്കൻ ജില്ലകളിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് എത്താൻ പെരുമ്പാവൂരിൽ എത്തിയശേഷം പെരിയാറിന് കുറുകെയുള്ള കാലടി പാലവും കാലടി ടൗണും കടന്ന് മറ്റൂർ കവലയിലെത്തി വേണമായിയിരുന്നു വിമാനത്താവളത്തിൽ എത്താൻ. എന്നാൽ, പുതിയ പാലം തുറന്നതോടെ കാലടി പാലവും കാലടി ടൗണും മറ്റൂരും പോകാതെ തന്നെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്താം. പെരുമ്പാവൂരിൽനിന്ന് പുതിയ പാലം കയറി വിമാനത്താവളം എത്താൻ 11 കിലോമീറ്റർ മാത്രമാണ് ദൂരം. ഒമ്പത്‌ സ്പാനുകളോടെ 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്.

കാലടി ശ്രീശങ്കര പാലത്തിനും എംസി റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസായി പാറപ്പുറം – വല്ലംകടവ് പാലം മാറും. അതേസമയം, കാഞ്ഞൂർ പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
أحدث أقدم