
കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിളിമാനൂർ എസ്എച്ച്ഒ ഡി ജയൻ, എസ്ഐമാരായ അരുൺ, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. പിറ്റേദിവസം വന്നാൽ മതിയെന്ന് പറഞ്ഞ് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവിൽ പോയതെന്നുമാണ് റിപ്പോർട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.